പത്തനംതിട്ട: ജില്ലാ, പ്രാദേശിക നേതൃത്വങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധാ കുറുപ്പ് രാജിവച്ചു. ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് സുധാ കുറുപ്പ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.
സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയോട് നാലായിരം വോട്ടിനാണ് ഈ ഡിവിഷനില്‍ നിന്ന് മുന്‍പ് ജില്ലാ പഞ്ചായത്തംഗമായിരുന്ന സുധാ കുറുപ്പ് പരാജയപ്പെട്ടത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചായിരുന്നു രാജി പ്രഖ്യാപനം.
40 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. കാലുവാരിയാണ് ഇപ്പോള്‍ തോല്‍പ്പിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിച്ചതും ഇതു കൊണ്ടാണ്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കാനായിരുന്നു തനിക്ക് താല്‍പര്യം. പ്രവര്‍ത്തകരും അങ്ങനെ ആവശ്യപ്പെട്ടു. എന്നാല്‍ ചില നേതാക്കള്‍ നീതികേട് കാണിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഡിവഷനില്‍ മത്സരിക്കുവാന്‍ പാര്‍ട്ടിക്കാരെ ആരെയും കിട്ടാതെ വന്നപ്പോള്‍ തന്റെ പേര് ഉയര്‍ന്നു വന്നു. ഇതനുസരിച്ചാണ് രംഗത്തിറങ്ങിയത്. വോട്ട് ചോദിക്കാനും പ്രചാരണത്തിനുമൊന്നും ആരും ഒപ്പം വന്നില്ല. കൈക്കാശ് കൊടുത്ത് പോസ്റ്ററും നോട്ടീസും അടിച്ചു.അത് ഏറ്റുവാങ്ങാന്‍ പോലും നേതാക്കളോ പ്രവര്‍ത്തകരോ തയാറായില്ല. പോസ്റ്റുകള്‍ ഒട്ടിക്കാന്‍ ജില്ലാ ഡിവിഷന്‍ മുഴുവന്‍ കൂലിക്ക് ആളെ നിര്‍ത്തേണ്ടി വന്നു. സ്വീകരണ യോഗങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ അവസരം നല്കിയിരുന്നില്ല.
മണ്ഡലം ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങള്‍ ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് രംഗത്ത് പിന്തുണച്ചില്ല. പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേതാക്കന്മാര്‍ക്ക് മത്സരിക്കാനുള്ളതായതിനാല്‍ എല്ലാ പ്രവര്‍ത്തകരും അതേറ്റെടുത്ത് വിജയിപ്പിക്കും. എന്നാല്‍ സാധാരണ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരെ സഹായിക്കാന്‍ ഒരു നേതാവും എത്താറില്ല. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസ്ഥ. കോണ്‍ഗ്രസിനെയും താനുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തിയത് വിവിധ തലങ്ങളിലെ നേതാക്കന്മാരാണെന്ന് അവര്‍ കുറ്റപ്പെടുത്തി. രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയാ സംഘമായി നേതൃത്വം അധ:പതിച്ചു.
അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും വനിതാ പ്രവര്‍ത്തകര്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പാര്‍ട്ടിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും സുധാ കുറുപ്പ് പറഞ്ഞു. ഇവരുടെ രാജിയോടെ പള്ളി ക്കലില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസ ന്ധിയിലാകും. ജില്ലയിലെ തന്നെ മുതിര്‍ന്ന വനിതാ നേതാവിന്റെ രാജി വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്കിടയാക്കും.
Your comment?