തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ 5 വീതം ജില്ലകളിലായിരുന്നുവെങ്കില്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 4 ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാര്‍. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതല്‍ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂര്‍ത്തിയായി. 16 നാണു വോട്ടെണ്ണല്‍.
Your comment?