മുംബൈ: സിനിമാനടിക്ക് വാട്സാപ്പില്‍ അശ്ലീല വീഡിയോ കോള്‍ വന്ന സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തു. നടി നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് മുംബൈ വെര്‍സോവ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് സിനിമ നടിയായ യുവതിക്ക് വാട്സാപ്പില്‍ അശ്ലീല വീഡിയോ കോളുകള്‍ വന്നത്. മൊബൈല്‍ നമ്പറിനൊപ്പം ബ്രിട്ടനിലെ കണ്ട്രി കോഡ് ആണ് ഉണ്ടായിരുന്നത്. ആദ്യ രണ്ട് തവണ കോളുകള്‍ സ്വീകരിക്കാതിരുന്ന നടി മൂന്നാം തവണ കോള്‍ എടുത്തു. എന്നാല്‍ കോള്‍ സ്വീകരിച്ച ഉടന്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. തുടര്‍ന്ന് തന്റെ ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി, ഇയാളുടെ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെ കോള്‍ കട്ട് ചെയ്ത് സംഭവം വിശദീകരിച്ച് ഈ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ട്വീറ്റ് ചെയ്തു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അടക്കം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
കോള്‍ കട്ട് ചെയ്തെങ്കിലും ഇയാള്‍ വാട്സാപ്പില്‍ തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ചെന്നും നടിയുടെ പരാതിയിലുണ്ട്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ വാട്സാപ്പിലൂടെ ക്ഷമ ചോദിച്ചെന്നും നടി പറയുന്നു. നടിയുടെ പേരുള്ള സുഹൃത്താണെന്ന് കരുതിയാണ് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു ഇയാളുടെ വാദം. തുടര്‍ന്ന് നടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള അശ്ലീല വീഡിയോയും ഇയാള്‍ വാട്സാപ്പില്‍ അയച്ചു.
Your comment?