കോവിഡ്ബാധിതരുടെ വീടുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാല്‍വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയില്‍
തിരുവനന്തപുരം: കോവിഡ്ബാധിതരുടെ വീടുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാല്‍വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയില്‍. വോട്ടറെ എസ്.എം.എസ്. മുഖേന മുന്‍കൂട്ടി അറിയിച്ചശേഷം തപാല്‍ ബാലറ്റ്, ഡിക്ലറേഷന്‍ ഫോറം, രണ്ടുകവറുകള്‍, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ് ഓഫീസര്‍ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ടു ചെയ്യിപ്പിച്ച് നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കും. പോലീസ് സുരക്ഷയുമുണ്ടാകും.
വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പ്, ശേഷമുള്ളവര്‍ എന്നിങ്ങനെ കോവിഡ് ബാധിതരെ രണ്ടായി തിരിച്ചാണ് ക്രമീകരണം. ആദ്യവിഭാഗത്തിലുള്ളവരെയാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വോട്ടുചെയ്യിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ്ങിന് പത്തുദിവസംമുമ്പത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഓരോപ്രദേശത്തേയും തുടര്‍ച്ചയായി ആറുദിവസം നിരീക്ഷിക്കും.
വരണാധികാരികള്‍ക്ക് ലഭ്യമാകുന്ന രോഗികളുടെ വിവരങ്ങള്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കണം. ഇത് അംഗീകരിച്ചാണ് തപാല്‍വോട്ടുചെയ്യേണ്ടവരുടെ വിവരങ്ങള്‍ വരണാധികാരിക്ക് നല്‍കുന്നത്. അന്ധതപോലുള്ള വൈകല്യമുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ വിശ്വസ്തനായ സഹായിയയെ തേടാം. ക്രോസ്, ടിക് മാര്‍ക്കിലൂടെ വോട്ടുരേഖപ്പെടുത്താം.
വോട്ടെടുപ്പിന് തൊട്ടുമ്പുള്ള ദിവസം പോസിറ്റീവാകുന്ന രണ്ടാം വിഭാഗത്തിലുള്ളവര്‍ക്ക് പോളിങ്ങിന്റെ അവസാനത്തെ മണിക്കൂറില്‍ ബൂത്തിലെത്തി വോട്ടുചെയ്യാം.
സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച ഭേദഗതികളും പരിശോധിച്ച്, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും തപാല്‍ ബാലറ്റിന്റെ അന്തിമചട്ടങ്ങള്‍ ഉടന്‍ പുറത്തിറക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. വോട്ടെടുപ്പിന് രണ്ടുദിവസം മുന്‍പ് തപാല്‍വോട്ട് അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കിലും പോളിങ്ങിന് തലേന്നു മൂന്നുവരെ അവസരം നല്‍കണമെന്നാണ് കമ്മിഷന്റെ നിലപാട്.
തപാല്‍ ബാലറ്റുമായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ വോട്ടറെ കാണാനായില്ലെങ്കില്‍ ഒരിക്കല്‍ക്കൂടിയെത്തും. രണ്ടാംവരവിലും രോഗിയെ കണ്ടില്ലെങ്കില്‍ പിന്നീട് അവസരമുണ്ടാകില്ല. പോളിങ്ങിന് തൊട്ടുമുമ്പ് പോസിറ്റീവാകുന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണെങ്കില്‍ ബൂത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണമൊരുക്കിയേക്കും. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ സ്വമേധയാ എത്തേണ്ടിവരും.
Your comment?