തിരുവനന്തപുരം: കോവിഡ് കാലത്ത് ജീവിതമാര്‍ഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും റജിസ്‌ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.
2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളില്‍ കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി. മാര്‍ച്ചിനുശേഷം 2300 റജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും റജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലര്‍ക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റാല്‍ എന്താണ് പ്രശ്‌നമെന്നാണ് പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവര്‍ ചോദിക്കുന്നത്.
12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ റജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്തു റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്‌ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
Your comment?