ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുവതി സെക്സ് ടോയ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു
മെല്‍ബണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ യുവതിക്ക് ഒമ്പത് വര്‍ഷം തടവ് ശിക്ഷ. മെല്‍ബണ്‍ സ്വദേശിയായ ജാമി ലീയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് വര്‍ഷത്തിനാണ് ശിക്ഷയെങ്കിലും മൂന്ന് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാല്‍ പ്രതിക്ക് പരോളില്‍ പുറത്തിറങ്ങാം.
2018 ജൂലായിലാണ് ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയായിരുന്ന മൗലിന്‍ റാത്തോഡി(24)നെ ജാമി ലീ കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മൗലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം.
വീട്ടിലെത്തിയ മൗലിനോട് ജാമി സൗഹൃദത്തില്‍ പെരുമാറി. തുടര്‍ന്ന് മൗലിന്റെ കഴുത്തില്‍ കൈകള്‍ കൊണ്ട് വരിഞ്ഞുമുറുക്കി.ശ്വാസം കിട്ടാതായി കൈവിടണമെന്ന് മൗലിന്‍ ആംഗ്യം കാണിച്ചെങ്കിലും ജാമി സെക്‌സ് ടോയിയുടെ കേബിള്‍ ഉപയോഗിച്ച് വീണ്ടും കഴുത്തില്‍ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിലായതോടെ പോലീസിനെ വിവരമറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൗലിന്‍ പിറ്റേദിവസം മരിച്ചു.
പ്രകോപിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരുന്ന ഒരു യുവാവിന്റെ ജീവനാണ് യുവതി ഇല്ലാതാക്കിയതെന്നായിരുന്നു വിധിപ്രസ്താവത്തിനിടെ കോടതി പറഞ്ഞത്. ലൈംഗിക താല്‍പര്യത്തോടെയല്ല യുവാവിനെ വിളിച്ചുവരുത്തിയതെന്നും ആക്രമണം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചത് വ്യക്തമാണെന്നും കോടതി കണ്ടെത്തി. മൗലിന്‍ വീട്ടിലേക്ക് വരുന്നതിന് മുമ്പ് കൊലപാതകത്തെക്കുറിച്ച് ജാമി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അതേസമയം, കുട്ടിക്കാലം മുതല്‍ ഭീതിജനകമായ സാഹചര്യത്തില്‍ വളര്‍ന്നതിനാല്‍ യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പത്താം വയസ്സില്‍ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ജാമിയെ സംരക്ഷിക്കാന്‍ പിന്നീട് രണ്ടുപേരെ ഏര്‍പ്പാടാക്കിയിരുന്നു. 18 വയസ്സായതോടെ ഈ സംരക്ഷണം പിന്‍വലിച്ചു. പിന്നീട് ഒറ്റയ്ക്കായിരുന്നു യുവതിയുടെ താമസം. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതും പ്രായവും പരിഗണിച്ച് ജാമിയെ യുവാക്കള്‍ക്കുള്ള കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ച കോടി, യുവതിയ്ക്ക് ഇപ്പോള്‍ ഏറെ മാറ്റങ്ങളുണ്ടെന്നും അഭിപ്രായപ്പെട്ടു.
Your comment?