
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നല്‍കിയ രഹസ്യമൊഴി പുറത്തുവിട്ടാല്‍ രാഷ്ട്രീയത്തിലെയടക്കം ഉന്നതര്‍ രക്ഷപ്പെടുമെന്ന് കസ്റ്റംസ്. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിക്കെതിരേ ഹൈക്കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മൊഴി പുറത്തുവിടുന്നതിനെ എതിര്‍ത്തത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.
മൊഴിപ്പകര്‍പ്പ് സ്വപ്നയ്ക്ക് നല്‍കിയാല്‍ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അതെത്തുമെന്ന് കസ്റ്റംസ് അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ തെളിവുകളുടെ പട്ടികയില്‍ മൊഴികള്‍ നല്‍കിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണസംഘം സമര്‍പ്പിച്ചതാണീ രഹസ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ പ്രതിക്ക് നിയമപരമായി അവകാശമില്ല.
ഈ മൊഴി അന്വേഷണസംഘത്തിന് നല്‍കിയപ്പോള്‍ത്തന്നെ ഇത് സീല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് സ്വപ്ന, മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന്റെ കാരണങ്ങളിലൊന്ന് തന്റെ ജീവന് ഭീഷണി നേരിടുമെന്ന സ്വപ്നയുടെ ഭയമായിരുന്നു. ഈ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
Your comment?