ജനങ്ങള്‍ക്ക് സേവനവും സഹായവുമായി പോലീസ് എന്നും ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ഈ കോവിഡ് കാലം ജനങ്ങള്‍ അത് ഏറെ അനുഭവിച്ചതാണ്. മഹാമാരിയുടെ നാളുകള്‍ തുടരുമ്പോഴും ഇതുസംബന്ധിച്ച ആളുകളുടെ ഭയാശങ്കകള്‍ അകറ്റാനും ആത്മവിശ്വാസമേറ്റാനും വിവിധ ആവശ്യസന്ദര്‍ഭങ്ങളില്‍ സഹായങ്ങളെത്തിക്കാനും ജില്ലാ പോലീസ് ആവിശ്രമം പ്രവര്‍ത്തിക്കുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന ജില്ലയിലെ ജനമൈത്രി പോലീസ് മാതൃകപരമായ രീതിയിലാണു പ്രവര്‍ത്തിച്ചുവരുന്നത്.
ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചു വിധവകള്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ജനമൈത്രി പോലീസ് സംവിധാനം ഫലപ്രദമായും മികച്ചനിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇലവുംതിട്ട ജനമൈത്രിപോലീസിന്റെ ഇടപെടലുകളും സേവനങ്ങളും മികച്ചതും ശ്ലാഘനീയവുമാണ്. ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പോലീസിനൊപ്പം ചേര്‍ന്ന് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായിക്കാന്‍ മനസുകാട്ടിയ ‘നമ്മുടെ സ്‌കൂള്‍ ഡേയ്‌സ്’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയെ നന്ദിയോടെ സ്മരിക്കുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. മെഴുവേലി പദ്മനാഭോദയം ഹൈസ്‌കൂളിലെ 1993 ബാച്ചിന്റെ ഈ കൂട്ടായ്മ ഓണത്തോടനുബന്ധിച്ചു ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനാണു തീരുമാനിച്ചത്.
ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ കൂട്ടായ്മയിലെ അംഗങ്ങളോട് വിധവകളും പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുമായ അര്‍ഹര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കുന്നതിനെപ്പറ്റിയുള്ള നിര്‍ദേശം പോലീസ് മുന്നോട്ടുവയ്ക്കുകയായിരുന്നു. അവര്‍ അത് അംഗീകരിച്ചതിനെതുടര്‍ന്നു പോലീസ് അര്‍ഹരെ അന്വേഷിച്ചു കണ്ടെത്തുകയും അവര്‍ക്ക് മെഷീനുകള്‍ വിതരണം ചെയ്യുകയുമായിരുന്നു.
ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചുനടന്ന ഹൃസ്വമായ ചടങ്ങില്‍ അഞ്ചു മെഷീനുകളും ജില്ലാപോലീസ് മേധാവി വിതരണം ചെയ്തു. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി രാജഗോപാലന്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷാ, പ്രശാന്ത്, വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?