
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നു സംസ്ഥാന ഇന്റലിജന്‍സ്. തല്‍ക്കാലം തനിക്കു കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നു സുരേന്ദ്രനും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നു സുരേന്ദ്രന്‍ അറിയിച്ചു.
സുരേന്ദ്രന് 2 ഗണ്‍മാന്‍മാരെ അനുവദിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ്കുമാര്‍ കോഴിക്കോട് റൂറല്‍ എസ്പി ഡോ.എ. ശ്രീനിവാസിനാണ് നിര്‍ദേശം നല്‍കിയത്. സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദേശിച്ചു. കോഴിക്കോട് റൂറല്‍ പരിധിയിലാണു സുരേന്ദ്രന്റെ വീട്.
ഇക്കാര്യത്തില്‍ നേരത്തേ തന്നെ നിര്‍ദേശമുണ്ടായിരുന്നെന്നും അതു നടപ്പായില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തു വന്ന സുരേന്ദ്രന്‍, സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
Your comment?