അടൂര്‍: കോവിഡ് പേടിച്ച് പന്തളത്ത് നിന്ന് അടൂരിലെത്തിയപ്പോള്‍ കോവിഡ് രോഗിക്ക് പീഡനം അനുഭവിക്കേണ്ടി വന്നതിന്റെ പിന്നാമ്പുറ കഥ ഞെട്ടിക്കുന്നത്. പന്തളം സ്വദേശിയായ പത്തൊമ്പതുകാരി വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലേക്ക് മാറിയത്. അവിടെ വച്ച് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലന്‍സ് അധികൃതര്‍ ഏര്‍പ്പെടുത്തി. 108 ആംബുലന്‍സില്‍ കരാര്‍ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലന്‍സില്‍ ഡ്രൈവറും ഒരു ആരോഗ്യ പ്രവര്‍ത്തകനോ വോളന്റിയറോ ഉണ്ടാകും.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലന്‍സില്‍ തന്നെ അയയ്ക്കാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം യാത്ര പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ ഇന്ധനമില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അയാള്‍ തന്നെയാണ് നൗഫല്‍ ഓടിക്കുന്ന ആംബുലന്‍സ് വിളിച്ചു വരുത്തി രോഗികളെ അതില്‍ കയറ്റി വിട്ടത്. ഇതില്‍ ഒരു വോളന്റിയര്‍ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലന്‍സിന്റെ ഡ്രൈവര്‍ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാള്‍ അറിഞ്ഞിരുന്നുമില്ല. ആംബുലന്‍സ് മാറിയാണ് രോഗികള്‍ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.
രോഗികളുമായി പോയ വാഹനം തിരികെ വരാന്‍ വൈകിയതിനെ തുടര്‍ന്ന് ആദ്യത്തെ ആംബുലന്‍സ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫല്‍ പെണ്‍കുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. അതിന് മുന്‍പായി ഇയാള്‍ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നൗഫല്‍ പറഞ്ഞത് പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണില്‍ വിളിച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫല്‍ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കായംകുളം പൊലീസ് ചാര്‍ജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫല്‍. 308-ാം വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Your comment?