
അബുദാബി: ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ യുഎഇയുടെ കോവിഡ് വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം വന്‍ വിജയത്തിലേക്ക്. കുത്തിവയ്പ് തുടങ്ങി 6 ആഴ്ച പിന്നിട്ടിപ്പോള്‍ 120 രാജ്യക്കാരായ 31,000 പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. ലോകത്ത് ഇത്രയധികം രാജ്യക്കാര്‍ പങ്കെടുത്ത ഒരു വാക്‌സീന്‍ പരീക്ഷണം ഇതാദ്യമാണ്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പ്രതികരണമാണു ലഭിച്ചതെന്നും അതുകൊണ്ടുതന്നെ അബുദാബി അഡ്‌നെകിലെയും ഷാര്‍ജ അല്‍ഖറൈന്‍ സെന്ററിലെയും വാക്‌സീന്‍ കേന്ദ്രങ്ങളില്‍ പുതിയ റജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചതായും പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്ന ജി42 ഹെല്‍ത്ത്‌കെയര്‍ സിഇഒ ആഷിഷ് കോശി പറഞ്ഞു.
എന്നാല്‍ ഈ 2 കേന്ദ്രങ്ങളിലും തുടര്‍ കുത്തിവയ്പ് പരിശോധനകളും നടക്കും. നിലവില്‍ 7000ത്തിലേറെ പേര്‍ 21 ദിവസത്തെ ഇടവേളകളില്‍ 2 ഡോസ് കുത്തിവയ്പ് എടുത്തു. ശേഷിച്ചവരുടെ കുത്തിവയ്പ് തുടര്‍ പരിശോധനകളും പൂര്‍ത്തിയാകുംവരെ കേന്ദ്രം പ്രവര്‍ത്തിക്കും. വാക്‌സീന്‍ സ്വീകരിച്ചവരില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു. വൊളന്റിയര്‍മാര്‍ക്കു നല്‍കുന്ന വൂപ് റിസ്റ്റ് ബാന്‍ഡിലൂടെ ആരോഗ്യം നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.
ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെയും അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെയും സഹകരണത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 ഹെല്‍ത്ത് കെയറിന്റെ (ജി42) നേതൃത്വത്തിലാണ് വാക്‌സീന്‍ പരീക്ഷണം നടന്നുവരുന്നത്. ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനി വികസിപ്പിച്ച വാക്‌സീന്റെ ആദ്യ 2 ഘട്ടങ്ങളിലെ പരീക്ഷണം ചൈനയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതേ മരുന്ന് ബഹ്‌റൈനിലും ഇന്നലെ മുതല്‍ ജോര്‍ദാനിലും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
Your comment?