അടൂര്‍: ചിറ്റാര്‍ കുടപ്പനക്കുളത്ത് വനപാലകരുടെ കസ്റ്റഡിയില്‍ മത്തായി എന്ന കര്‍ഷകന്‍ മരിച്ച കേസില്‍
നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി നീളെ വനം മന്ത്രിയെ കരിങ്കൊടി കാണിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്. അടൂരില്‍ മൂന്നിടങ്ങളിലാണ് വനം മന്ത്രി കെ. രാജുവിന് എതിരേ പ്രതിഷേധം നടന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ ഏഴംകുളത്തു വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടിയത്.
ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായിട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്‍പില്‍ ചാടി വീണത്. പോലീസ് ഇന്‍സ്പെക്ടര്‍ യു. ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ പിടിച്ചു മാറ്റിയ ശേഷമാണ് വാഹനം കടന്നു പോയത്. തുടര്‍ന്ന് ഏനാദിമംഗലത്ത് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന വേദി പരിസരത്തും ഏനാദിമംഗലം ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അടൂരിലെ മൃഗാശുപത്രി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലും പ്ലാക്കാര്‍ഡ് പിടിച്ച് പ്രതിഷേധിച്ചു. മൂന്ന് ഉദ്ഘാടന ചടങ്ങുകളിലും വന്‍ പോലീസ് സന്നാഹത്തോടെയാണ് മന്ത്രിയെത്തിയത്. ഏഴംകുളത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
രണ്ടു സംഭവങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Your comment?