ഓണവിപണി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

Editor

പത്തനംതിട്ട :ജില്ലയിലെ ഓണക്കാല വിപണി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെ വ്യാപാരി സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു ജില്ലാ കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാമെന്നു വ്യാപാരി സംഘടനാ പ്രതിനിധികളും യോഗത്തില്‍ അറിയിച്ചു.

ഓണക്കാലത്ത് കടകളില്‍ ആളുകള്‍ കൂടുതലായി എത്തുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ ജനത്തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിക്കാന്‍ കടകളുടെ വിസ്ത്തീര്‍ണത്തിന് ആനുപാതികമായി എത്രപേര്‍ക്ക് ഒരു സമയം കടയില്‍ പ്രവേശിക്കാമെന്നു മുന്‍കൂട്ടി രേഖപ്പെടുത്തണം. കടകള്‍ക്ക് ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. കച്ചവട സ്ഥാപനങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉണ്ടാകണം. ഉപഭോക്താക്കള്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കടകളില്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ താലൂക്കുകളില്‍ മൂന്നു സ്‌ക്വാഡുകള്‍ വീതം രൂപീകരിച്ച് കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാര സംഘടനകള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ടൗണുകളിലും ഓണവിപണി കൂടുതലായി നടക്കുന്ന മറ്റ് ഇടങ്ങളിലും കോവിഡ് ജാഗ്രതാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനൗണ്‍സ്‌മെന്റിലൂടെ പൊതുജനങ്ങളിലെത്തിക്കണം. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുകയും ആവര്‍ത്തിക്കുന്ന പക്ഷം അടച്ചിടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കടകള്‍ക്ക് പുറത്ത് ക്യൂ നില്‍ക്കുന്നതില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ വ്യക്തമായി രേഖപ്പെടുത്തലുകള്‍ ഉണ്ടാകണം. സ്‌ക്വാഡ് പരിശോധനകളില്‍ പ്രസ്തുത കച്ചവട സ്ഥാപനത്തില്‍ അനുവദനീയമായ ആളുകളുടെ എണ്ണവും സ്ഥാപനങ്ങളില്‍ എത്തിയിട്ടുള്ള ആളുകളുടെ എണ്ണവും തമ്മില്‍ പരിശോധിക്കും. കടകള്‍ക്ക് മുമ്പില്‍ സാമൂഹിക അകലം പാലിക്കുന്ന രേഖകള്‍ ഇല്ലാതിരിക്കുകയോ അവിടെയെത്തുന്ന ജനങ്ങള്‍ കൂട്ടംകൂടി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ സ്ഥാപന മേധാവികളാകും ഉത്തരവാദികള്‍. കച്ചവട സ്ഥാപനങ്ങളില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും 10 വയസിനു താഴെയുള്ളവരും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.

മതസ്ഥാപനങ്ങളുമായികൂടി ആലോചിച്ച ശേഷം മതസ്ഥാപനങ്ങളുടെ അറിയിപ്പ് സംവിധാനങ്ങളിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. ജില്ലയില്‍ ഇതുവരെ പാലിച്ചുവന്ന ജാഗ്രതയില്‍ കുറവുണ്ടാകാതെ സംഘടിതമായി കോവിഡിനെതിരേ പോരാടാന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

എഡിഎം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍.ഡി.ഒ എസ്.ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.രാധാകൃഷ്ണന്‍, ആര്‍.രാജലക്ഷ്മി, ജെസിക്കുട്ടി മാത്യു, തഹസില്‍ദാര്‍മാര്‍ ജോണ്‍ പി വര്‍ഗീസ്, ബീന എസ് ഹനീഫ്, കെ.ഓമനക്കുട്ടന്‍, നവീന്‍ബാബു, കെ.ശ്രീകുമാര്‍, എം.ടി ജെയിംസ്, വ്യാപാരി വ്യവസായി സമിതി അംഗം ഗീവര്‍ഗീസ് പാപ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം എ.ജെ ഷാജഹാന്‍, വ്യാപാരി വ്യവസായി ഫെഡറേഷന്‍ അംഗങ്ങളായ അബ്ദുള്‍ ഷുക്കൂര്‍, സുമേഷ്, ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രതിനിധി പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കടമ്പനാട് ,പന്തളം കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

കടമ്പനാട്ട് വഴക്ക് പരിഹരിക്കാന്‍ എത്തിയ ആളില്‍ നിന്നും 5 പേര്‍ക്ക് കോവിഡ്; കുളനടയില്‍ രണ്ടു ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് 15 പേര്‍ക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ