പത്തനംതിട്ട: രണ്ടുവര്‍ഷം മുന്‍പ് മുക്കുട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന് സൂചന. കൊണ്ടു പോയ ആളെയും തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വിവരം. ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നും വിവരം പരസ്യമാക്കിയതോടെ അന്വേഷണം കുഴഞ്ഞു മറിഞ്ഞുവെന്നും പറയുന്നു. ലോക്ഡൗണ്‍ കഴിയുന്നതോടെ ജസ്ന കേസില്‍ ശുഭവാര്‍ത്ത ലഭിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയാണ് മൂന്നു മാസം മുന്‍പ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിന് പിന്നാലെ അന്വേഷണ ചുമതല കൂടത്തായി കേസ് തെളിയിച്ച് ഹീറോ ആയി മാറിയ കെജി സൈമണിന് കൈമാറുകയായിരുന്നു.
തെളിയാതെ കിടക്കുന്ന കേസുകള്‍ തെളിയിക്കുന്നതില്‍ ത്രില്‍ കണ്ടെത്തുന്ന കെജി സൈമണ്‍ പത്തനംതിട്ടയില്‍ ചുമതല ഏറ്റതിന് തൊട്ടു പിന്നാലെ ജെസ്നയുടെ കേസില്‍ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. നിലവില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറിനാണുള്ളത്. ഇതിന് സമാന്തരമായി എസ്പിയെന്ന നിലയില്‍ സ്വന്തമായി സൈമണ്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജെസ്നയെപ്പറ്റിയുളള നിര്‍ണായക സൂചനക ള്‍ ലഭിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ സൂചന കിട്ടിയത് എന്നാണ് വിവരം. പുരുഷ സുഹൃത്തിനൊപ്പം നാടുവിട്ട ജെസ്ന ചെന്നൈയിലെ മതപഠന കേന്ദ്രത്തിലാണുള്ളതെന്നാണ് വിവരം. തനിക്ക് കിട്ടിയ സൂചനകള്‍ എസ്പി, ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോമിന്‍ തച്ചങ്കരി ശുഭവാര്‍ത്ത വരുന്നുവെന്ന് സൂചിപ്പിച്ചത്. വിവരം ചോര്‍ന്നതില്‍ പരിഭവം അറിയിച്ച സൈമണിന് തന്നെ അന്വേഷണ ചുമതല കൈമാറുകയായിരുന്നു. നവംബറില്‍ കെജി സൈമണ്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. അതിന് മുന്‍പായി ജെസ്നയെ കണ്ടുപിടിക്കുമെന്ന വാശിയില്‍ തന്നെയാണ് അദ്ദേഹം.
Your comment?