തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികള്‍ക്ക് നേരിട്ട് സ്വകാര്യ ലാബുകളില്‍ കോവിഡ് നിര്‍ണയ പരിശോധന നടത്താന്‍ അനുമതി. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കു കാത്തുനില്‍ക്കാതെ രോഗബാധ നേരത്തേ കണ്ടെത്താന്‍ ഉപകരിക്കുമെന്നു കണ്ടതോടെയാണ് നിബന്ധനകളോടെ അനുവാദം നല്കിയത്.
പരിശോധനാഫലം നേരിട്ട് നല്‍കും
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ അംഗീകൃത ലാബുകളില്‍ പരിശോധന നടത്താനാണ് അനുമതി. പരിശോധനച്ചെലവ് വ്യക്തികള്‍ വഹിക്കണം. പരിശോധനയ്ക്ക് എത്തുന്നയാള്‍ തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും നല്‍കണം. പരിശോധനാഫലം വ്യക്തികളെ നേരിട്ടറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീട്ടില്‍ കഴിയാം
രോഗലക്ഷണമില്ലാത്ത, മറ്റു ഗുരുതര രോഗങ്ങളില്ലാത്തവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ അവര്‍ക്ക് ദിശ നമ്പറുമായി ബന്ധപ്പെട്ടശേഷം സൗകര്യപ്രദമെങ്കില്‍ സ്വന്തം വീടുകളില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയാം. 65-നുമേല്‍ പ്രായമായവര്‍, 12 വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദയ, ശ്വാസകോശ, കരള്‍, വൃക്ക രോഗങ്ങളുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം എന്നിവ നിയന്ത്രിക്കാനാവാത്തവര്‍ തുടങ്ങിയവരെ രോഗലക്ഷണമില്ലെങ്കിലും പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും.
ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലേക്ക് അയക്കും. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മടങ്ങാം. നെഗറ്റീവ് ആയിട്ടും ഏതെങ്കിലും രോഗലക്ഷണമുള്ളവരാണെങ്കില്‍ ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടുകയും 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കുകയും വേണം.
Your comment?