കരിപ്പൂരിലെ റണ്‍വേ വളരെ മോശവും സുരക്ഷാ പ്രശ്നങ്ങള്‍ ഏറെ: തുറന്നു പറച്ചിലുമായി യുവ വൈമാനികന്‍ ആനന്ദ് മോഹന്‍രാജ്
പത്തനംതിട്ട;കരിപ്പൂരിലെ റണ്‍വേ വളരെ മോശവും സുരക്ഷാ പ്രശ്നങ്ങള്‍ ഏറെയുള്ളതുമാണെന്ന് യുവ വൈമാനികനും പത്തനംതിട്ട സ്വദേശിയുമായ ആനന്ദ് മോഹന്‍രാജ്. കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ആനന്ദ ഫേസ്ബുക്കിലൂടെയാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഇത് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ സമയമല്ല, പക്ഷേ എനിക്ക് ഇത് പറയണം, എന്റെ വ്യോമയാന കരിയറില്‍ ഞാന്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ റണ്‍വേയാണ് കരിപ്പൂര്‍. റണ്‍വേ മാര്‍ഗനിര്‍ദേശം നല്‍കുന്ന ലൈറ്റിങ് സംവിധാനം വളരെ മോശമാണ്, റണ്‍വേ ബ്രേക്കിങ് അവസ്ഥ പതിവായി നിരീക്ഷിക്കുന്നില്ല,’ ആനന്ദ് എഴുതുന്നു.
‘സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നത് നിസംശയം പറയാം. ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍, രാത്രി സാഹചര്യവും കനത്ത മഴയും കാറ്റും ചേര്‍ന്ന അവസ്ഥ ഏത് പൈലറ്റിനും പേടിസ്വപ്നമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തവണ ലാന്‍ഡിങ്ങിനു ശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് ഞാന്‍ ഫീഡ്ബാക്ക് നല്‍കിയിട്ടുണ്ട്. വ്യോമയാനത്തിലെ ആദ്യത്തെ പദമാണ് സുരക്ഷ,
RIP ക്യാപ്റ്റന്‍ ദീപക് സാതേ & ക്യാപ്റ്റന്‍ അഖിലേഷ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു,’ ആനന്ദ് മോഹന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടു പൈലറ്റ്മാരുടെ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന കരിപ്പൂര്‍ വിമാനത്താവള റണ്‍വേയിലെ പാളിച്ചകള്‍ പല തവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും ആനന്ദ് മോഹന്‍ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
കെപിസിസി അംഗവും പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റുമായ പി മോഹന്‍രാജിന്റെ മകനാണ് ആനന്ദ്. ലോക്ഡൗണ്‍ കാലത്ത് ശശി തരൂര്‍ എംപിയുമായി ചേര്‍ന്ന് അവശ്യ മരുന്നുകളും കോവിഡ് 19 ടെസ്റ്റ് കിറ്റുകളും കേരളത്തില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്ത സേവന പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.
Your comment?