ആദ്യം അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂര്‍ഖനെ വാങ്ങി

Editor

കൊട്ടാരക്കര: ഉത്രാ കൊലക്കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും. ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്താനായി ആദ്യം അണലിയെയാണ് പാമ്പുപിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷില്‍ നിന്നും വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വന്തം കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുരേഷ്, അണലിയെ അടൂര്‍ പറക്കോട്ടെ സുരജിന്റെ വീട്ടിലെത്തിച്ച് കൈമാറിയത്. 10,000 രൂപയ്ക്ക് അണലിയെ കൈമാറിയതിന് സുരേഷിന്റെ മൂന്ന് സുഹൃത്തുക്കളും സാക്ഷികളാണ്. ഇവര്‍ക്ക് അണലിയെ വാങ്ങിയത് ഉത്രയെ കടിപ്പിക്കാനാണോ എന്നത് അറിയാമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ ഇവര്‍ കേസില്‍ പ്രതികളാകും. എന്നാല്‍ യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് അണലിയെന്ന് കുട്ടുകാരെ സൂരജ് വിശ്വസിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സൂരജിന്റെ 2 സുഹൃത്തുക്കളെ ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തു.

ആദ്യം അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂര്‍ഖനെ വാങ്ങി. സ്‌കൂട്ടറില്‍ ഏനാത്ത് പാലത്തിന് സമീപം എത്തിയാണ് സുരേഷ് മൂര്‍ഖനെ കൈമാറിയത്. പ്ലാസ്റ്റിക് ടിന്നില്‍ അടച്ച മൂര്‍ഖനെ ബാഗിലാക്കിയാണ് ബൈക്കിലെത്തിയ സൂരജ് കൊണ്ടുപോയത്. അവിടെ നിന്നു കാറിലാണ് മൂര്‍ഖനെ ഉത്രയുടെ വീട്ടിലെത്തിയത്. പിടിച്ചെടുത്ത സൂരജിന്റെ മൂന്ന് വാഹനങ്ങളും ഉത്രയുടെ വീട്ടുകാരുടേതാണെന്ന് പൊലീസ് പറയുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.

സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വിവാഹ സമ്മാനമായി നല്‍കിയതാണ് കാര്‍. ഉത്രയുടെ സ്വര്‍ണം വിറ്റ് വാങ്ങിയതാണ് ബൈക്ക്. കേസില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. ഉത്രയെ ആദ്യം പാമ്പുകടിച്ചത് വീടിന് പുറത്തുവച്ചാണെന്ന് സൂരജും ബന്ധുക്കളും ആശുപത്രിയില്‍ ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണെന്നും പൊലീസിന് മൊഴി കിട്ടി.

യുവതിയെ ചികിത്സിച്ച തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഈ വിവരം കഴിഞ്ഞദിവസം അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയത്. സംഭവത്തില്‍ അസ്വാഭാവികത തോന്നി. സാധാരണ പാമ്പ് ഒരാളുടെ കാലിന്റെ മുകളില്‍ക്കയറി കടിക്കില്ല. ഉത്രയെ പാമ്പുകടിച്ചത് കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും മുട്ടിനു താഴെയുമായാണ്. ഇതാണ് സംശയത്തിന് ഇടയാക്കിയതെന്നും ഡോക്ടര്‍മാര്‍ മൊഴിനല്‍കി. അന്വേഷകസംഘം നാല് ഡോക്ടര്‍മാരുടെ മൊഴിയാണ് എടുത്തത്. പാമ്പുകടിയേറ്റ ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സൂരജ് ബോധപൂര്‍വം വൈകിപ്പിച്ചെന്നും അന്വേഷകസംഘത്തിന് ബോധ്യമായി.

സംഭവത്തിനു ശേഷം ഏറെ വൈകിയാണ് അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പിന്നീടാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മാര്‍ച്ച് രണ്ടിനാണ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ രാത്രി ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചത്. ഇക്കാര്യം സൂരജ് അന്വേഷകസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. മെയ് ആറിന് രാത്രിയില്‍ അഞ്ചല്‍ ഏറത്തെ വീട്ടില്‍വച്ചാണ് സൂരജ് രണ്ടാമത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതും മരണം സംഭവിച്ചതും. മരണദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷകസംഘത്തിന്റെ നിരീക്ഷണം. അതിനിടെ ശേഖരിച്ച മൊഴികള്‍ വീണ്ടും പരിശോധിച്ച് പൊരുത്തക്കേട് അന്വേഷിക്കുകയാണ് പൊലീസ്. രണ്ടും മൂന്നും സംഘമായി തിരിഞ്ഞാണ് അന്വേഷണം. ഇതിന് ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. സുരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിലാകാന്‍ സാധ്യത ഏറെയാണ്. സൂര്യയുടെ ആണ്‍സുഹൃത്തും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

അന്വേഷകസംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉത്രയുടെ അഞ്ചല്‍ ഏറത്തെ വീട്ടിലെത്തിയിരുന്നു. അച്ഛനമ്മമാരോടും സഹോദരനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോട്ടയം തൃക്കൊടിത്താനം സിഐ അനൂപ്കൃഷ്ണ, അടൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി എസ് അനില്‍കുമാര്‍ എന്നിവരാണ് വീട്ടിലെത്തിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷകസംഘം. വെറ്ററിനറി ഡോക്ടര്‍, ആനിമല്‍ സയന്റിസ്റ്റ്, ജൈവ വൈവിധ്യ ഗവേഷകന്‍, എന്‍ജിനിയറിങ് വിദഗ്ധന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇതിനായാണ്.

സംസ്ഥാന പൊലീസിന്റെ ക്രൈം അന്വേഷണത്തില്‍ സമാനതകളില്ലാത്ത കേസായതിനാല്‍ പഴുതില്ലാത്തവിധം കുറ്റപത്രം തയ്യാറാക്കാനുള്ള ജാഗ്രതയിലാണ് അന്വേഷണത്തലവന്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലുള്ള ടീം. മേല്‍നോട്ടത്തിന് കൊട്ടാരക്കര റൂറല്‍ അഡീഷണല്‍ എസ്പി മധുസൂദനനെ ഉള്‍പ്പെടുത്തിയതും ഇതേ ലക്ഷ്യത്തിലാണ്. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും ഡിഎന്‍എ, രാസപരിശോധന റിപ്പോര്‍ട്ടുകളും നിര്‍ണായകമാകും. ഉത്രയുടെ സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ബാങ്കിലെത്തി കഴിഞ്ഞദിവസം അന്വേഷകസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.പൊലീസ് കേസിനു സമാന്തരമായി പാമ്പുകളെ ദുരുപയോഗം ചെയ്തതിന് വനം വകുപ്പും പ്രതികളായ സൂരജ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കിടപ്പാടം ‘നഷ്ടപ്പെട്ട്’ മാത്യു ടി. തോമസ്:വീട്ടുപടിക്കല്‍ പോയിനിന്നാല്‍ ഭാര്യയെ ഒന്നു കാണാം

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിനുള്ളില്‍ കമിതാക്കളുടെ ‘രതി ലീലകള്‍’

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ