തിരുവനന്തപുരം: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി പോലീസിന്റെ പരിശോധന. ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്നപേരില്‍ 21 ഇടത്ത് നടന്ന പരിശോധനയില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റുചെയ്തു. 20 കേസെടുത്തു. ഇന്റര്‍പോള്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്നീ സംഘടനകളുടെ സഹായവുമുണ്ട്.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പോലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാംതവണയാണ് സംസ്ഥാനവ്യാപകമായി പോലീസ് പരിശോധന നടത്തുന്നത്. നേരത്തേ നടന്ന പരിശോധനകളില്‍ 26 പേര്‍ അറസ്റ്റിലാവുകയും 37 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ രണ്ടുപേരാണ് അറസ്റ്റിലായത്.
നെടുമങ്ങാട് കരുപ്പൂര്‍ ഇലവുംകുഴി സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ പാലംകോണം സ്വദേശി എസ്. മുഹമ്മദ് ഫഹാദ്, പത്തനംതിട്ട വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളം കുരീക്കാട് സ്വദേശി അനൂപ്, രാഹുല്‍ ഗോപി, പാലക്കാട് ചെതലൂര്‍ പൂവത്താണി സ്വദേശി അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ മതിപറമ്പ് സ്വദേശികളായ എ. ജിഷ്ണു, കെ. രമിത്, കരിയാട് സ്വദേശി ജി.പി. ലിജേഷ്, മലപ്പുറം കോഡൂര്‍ മാടശ്ശേരി സാദിഖ് അലി തുടങ്ങിയവരാണ് അറസ്റ്റിലായത്.
പിടിയിലായവരില്‍നിന്ന് ഇരുപതോളം മൊബൈല്‍ ഫോണ്‍, രണ്ട് ലാപ്ടോപ്പ്, ഒരു മോഡം, ഒരു ഹാര്‍ഡ് ഡിസ്‌ക്, രണ്ട് മെമ്മറി കാര്‍ഡുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തി.
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു. ടെലഗ്രാം ആപ്ലിക്കേഷന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒട്ടേറെ ഗ്രൂപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ഡോം നോഡല്‍ ഓഫീസറും എ.ഡി.ജി.പി.യുമായ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനകള്‍. ഹൈടെക് ക്രൈം എന്‍ക്വയറിസെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വംനല്‍കിയത്.
Your comment?