കുട്ടിയെ മാതാവ് വിമാനത്താവളത്തില്‍ മറന്നു: വിമാനം അടിയന്തരമായി തിരിച്ചിറക്കി
ജിദ്ദ: കുട്ടിയെ മാതാവ് വിമാനത്താവളത്തില്‍ മറന്നുപോയതിനാല്‍ സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപൂര്‍വ സംഭവം. ജിദ്ദയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് പറന്ന എസ് വി832 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന മാതാവ് വിമാനം പറന്നുയര്‍ന്ന ശേഷം തന്റെ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ പൈലറ്റ് വിമാനത്താവളത്തിലെ ഓപറേഷന്‍ മുറിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിച്ച ശേഷം വിമാനം കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ ഇറക്കുകയായിരുന്നു.
വിമാനം തിരിച്ചിറക്കാനുള്ള അനുമതി ചോദിച്ചു പൈലറ്റ് വിമാനത്താവളത്തിലെ എടിസി ഓപറേഷനിലേയ്ക്ക് സന്ദേശം കൈമാറുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിട്ടുണ്ട്. പൈലറ്റിന്റെ സന്ദേശം കൈപ്പറ്റിയ ഉടന്‍ ഇത്തരം സാഹചര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഒരു ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനോട് ആരായുന്നതും ഇക്കാര്യം ഒന്നുകൂടി ഉറപ്പാക്കാന്‍ ഓപറേറ്റര്‍ നിര്‍ദേശിക്കുന്നതുമായ ഓപറേഷന്‍ മുറിയിലെ സംസാരത്തിന്റെ വിഡിയോയാണിത്.
വിമാനം തുടര്‍ന്ന് യാത്ര ചെയ്യാന്‍ യാത്രക്കാരി സമ്മതിക്കുന്നില്ലെന്നും പൈലറ്റ് പറയുന്നു. ശരി, തിരിച്ചിറക്കിക്കോളൂ, തങ്ങള്‍ക്കിത് ആദ്യത്തെ സംഭവമാണെന്നു പറഞ്ഞ് ഓപറേഷന്‍ മുറിയിലെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയായിരുന്നു. ഈ സ്ഥിതിവിശേഷത്തെ അടിയന്തരമായി പരിഗണിച്ച പൈലറ്റിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
Your comment?