ജിതേഷ്ജിയ്ക്ക് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് അമ്പാസഡര്‍ പദവി
കാന്തല്ലൂര്‍: ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള
കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘ഗോള്‍ഡന്‍ വില്ലേജ്’ പുരസ്‌കാരം ലഭിച്ച
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് അമ്പാസഡറായി അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗചിത്രകാരന്‍
ജിതേഷ്ജിയെ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി യോഗം ചേര്‍ന്ന് ഐകകണ്‌ഠേന തെരഞ്ഞെടുത്തു. ‘വരയരങ്ങിലൂടെയും’ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ‘കാന്തല്ലൂര്‍ ഗ്രാമദേശപ്പെരുമ’ അന്താരാഷ്ട്രതലത്തില്‍ എത്തിക്കുവാന്‍ ഒരു വ്യാഴവട്ടക്കാലത്തിലേറെ യായി നിരന്തരപരിശ്രമം നടത്തികൊണ്ടിരിക്കുന്ന വിഖ്യാത പെര്‍ഫോമിംഗ് ചിത്രകാരന്‍ എന്ന നിലയിലാണ് ജിതേഷ്ജിയെ കാന്തല്ലൂരിന്റെ പ്രഥമ ഇന്റര്‍നാഷണല്‍ ‘ബ്രാന്‍ഡ് അമ്പാസഡറായി’ നിയോഗിക്കുവാന്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി ഡിസംബര്‍ 30 ആം തീയതി യോഗം ചേര്‍ന്ന് 17 (1) യോഗതീരുമാനമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് .
2021 ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ കാന്തല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികദിനം കൂടിയായിരുന്നു ഡിസംബര്‍ 30. ഡിസംബര്‍ 30 ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ പത്തനംതിട്ടയില്‍ നിന്ന് കേരള -തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ കാന്തല്ലൂരിലെ അശോകവനത്തില്‍ എത്തിയ ജിതേഷ്ജിയ്ക്ക് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി. മോഹന്‍ദാസ് നേരിട്ടെത്തി ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനം ഔദ്യോഗികമായി
രേഖാമൂലം കൈമാറി.
‘കേരളത്തിന്റെ കാര്‍ഷികഹബ് ‘ എന്ന വിശേഷിപ്പിക്കപ്പെടുന്ന
കാന്തല്ലൂര്‍ ഗ്രാമത്തിന്റെ പ്രഥമ ‘ബ്രാന്‍ഡ് അമ്പാസഡര്‍’ പദവി നേടിയ ജിതേഷ്ജി ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളി എന്ന നിലയിലും ലോകസഞ്ചാരിയായ സചിത്രപ്രഭാഷകനെന്ന നിലയിലും ചിത്രകലയുടെ അരങ്ങിലെ ആവിഷ്‌കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ലോകശ്രദ്ധനേടിയ വ്യക്തിയാണ്. പി എസ് സി മത്സരപരീക്ഷകളില്‍ ഇദ്ദേഹത്തെപ്പറ്റി എഴുതാന്‍ നിരവധി തവണ ചോദിച്ചിട്ടുമുണ്ട്.
‘മണ്ണുമര്യാദ’, ‘ജലസാക്ഷരത’, ‘ആരണ്യസംരക്ഷണം ‘ എന്നീ ദര്‍ശനങ്ങളിലൂന്നിയ പാരിസ്ഥിതിക തത്വചിന്തപ്രചരിപ്പിക്കുന്ന എക്കോ – ഫിലോസഫറും ഗ്രന്ഥകാരനുമാണ്. പത്തനംതിട്ട ജില്ലയില്‍ പന്തളം തെക്കേക്കരയാണ് ജന്മദേശം.
Your comment?