കളമശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കല്‍ മോളി ജോയ് ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയില്‍ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരുക്കുകളെ തുടര്‍ന്നു മെഡിക്കല്‍ സെന്ററിലേക്കു മാറ്റുകയായിരുന്നു.
ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണു നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയവേയാണു കുമാരിയും ലിബിനയും മരിച്ചത്. ഒക്ടോബര്‍ 29നു രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഹാളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്‌ഫോടനം നടന്നത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടു മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.മാര്‍ട്ടിന്റെ അത്താണിയിലെ ഫ്‌ലാറ്റിലെ താമസക്കാരനും സ്‌ഫോടന സമയത്തു കണ്‍വന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന രണ്ടു പേരുമാണു പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. താന്‍ മാത്രമാണു പ്രതി എന്നു ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നുണ്ടെങ്കിലും എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രം ഈ നിഗമനത്തിന് അടിവരയിടാനാണു പൊലീസിന്റെ ശ്രമം. സ്‌ഫോടനമുണ്ടായ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.
Your comment?