മാത്യു വീരപ്പള്ളിയുടെ മരണത്തില്‍ സംശയം: മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു
അടൂര്‍: പ്രമുഖ ബില്‍ഡറും സിഎംപി. സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പന്നിവിഴ വീരപ്പള്ളില്‍ അന്തരിച്ച മാത്യു വീരപ്പള്ളി (63)യുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് സംശയ ദൂരീകരണത്തിന് വേണ്ടിയാണ് പോസ്റ്റുമോര്‍ട്ടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
വ്യാഴാഴ്ച രാത്രിയാണ് മാത്യു വീരപ്പള്ളിയെ വീട്ടില്‍ വീണുവെന്ന് പറഞ്ഞ് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച മകന്റെ വിവാഹം നടക്കാനിരിക്കേയായിരുന്നു സംഭവം. ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചുവെങ്കിലും വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചില്ല. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചായലോട്ടുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് മൂന്നിന് കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, മരണത്തില്‍ സംശയം ഉളളതായി നാട്ടുകാര്‍ക്കിടയില്‍ പ്രചാരണമുണ്ടായി. വീരപ്പള്ളി ജീവനൊടുക്കിയെന്നും അതല്ല, ഉന്തും തള്ളുമുണ്ടായപ്പോള്‍ തലയടിച്ച്ു വീണതാണ് മരണകാരണമെന്നുമൊക്കെയായിരുന്നു അഭ്യൂഹം. മാത്യുവിന് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും പണം കിട്ടാനുള്ള ഒരു ഫൈനാന്‍സര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.
ഇത്തരം പ്രചാരണങ്ങള്‍ ഗൗരവമായി എടുത്ത് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനാത്തിലാണ് പൊലീസ് ഇടപെടല്‍. അസ്വാഭാവികമായി മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുക തന്നെ വേണ്ടതാണ്. അത് ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിക്കേണ്ടിയിരുന്നത്. എന്നാല്‍, അവര്‍ അതിന് തയാറാകാതെ പോയത് വിഴ്ചയാണ്. ഈ സാഹചര്യത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ട്ം ചെയ്യണമെന്ന് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.
പത്തനംതിട്ടയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ കായംകുളം താലൂക്ക ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കുമെന്നാണ് അറിയുന്നത്. മാത്യു വീരപ്പള്ളി അടൂര്‍ നഗരസഭ കൗണ്‍സിലര്‍, ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം, സെന്റ് സിറില്‍സ് കോളേജ് ഗവേണിങ ബോര്‍ഡ് മെമ്പര്‍, കെ. എസ്. സി, യൂത്ത് ഫ്രണ്ട്, കേരള കോണ്‍ഗ്രസ് (ബി )ജില്ലാ പ്രസിഡന്റ്, അടൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, അടൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക് ട് ബോര്‍ഡ് അംഗം, സംസ്ഥാന മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്റ്റ് ബോര്‍ഡ് അംഗം, ലാന്‍ഡ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കൊട്ടാരക്കര ചന്ത വിളയില്‍ രമ മാത്യു. മക്കള്‍. ദിവ്യാ മാത്യു (യു. കെ )ജേക്കബ് മാത്യു.
മരുമകന്‍. സിബി തോമസ് (യു.കെ)
Your comment?