റവന്യു ടവര്‍ എന്ന ബഹു നിലമന്ദിരത്തില്‍ ഒരു ലിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.!
അടൂര്‍: അടൂര്‍ റവന്യൂ ടവറില്‍ മുകള്‍ നിലയിലെ ഏതെങ്കിലും ഓഫീസുകളില്‍ പ്രായമായവര്‍ക്ക് പോകണമെങ്കില്‍ ശാരീക ക്ഷമത ഒന്നു പരിശോധിച്ചിട്ട് പോകുന്നതായിരിക്കും നല്ലത്. കാരണം ഉയരം കൂടുംതോറും പടികള്‍ കയറി തന്നെ പോകണം. അതല്ലെങ്കില്‍ ഏറെ സമയം ലിഫ്റ്റിനു വേണ്ടി കാത്തു നില്‍ക്കണം. രണ്ടായാലും മിനക്കേടു തന്നെയാണ്. ഈ ദുരിതത്തിനു കാരണം ടവറിലെ ലിഫ്റ്റ് സംവിധാനം പലതും കേടായതാണ്. ടവറില്‍ ഇപ്പോള്‍ ഒരു ലിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. കോടതിയുടെ ഭാഗത്തെ ലിഫ്റ്റാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഈ ലിഫ്റ്റില്‍ കയറാന്‍ എപ്പോഴും നല്ല തിരക്കാണ്. ടവറിന്റെ പടിഞ്ഞാറ് ഭാഗത്തെ ട്രഷറിക്കു സമീപമുള്ള ലിഫ്റ്റ് നാളുകളായി പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല എന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും വച്ചിട്ടില്ല. ഇതിനാല്‍ പ്രായമായവര്‍ പലപ്പോഴും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നു എന്ന് കരുതി ഇവിടെ കാത്തുനില്‍ക്കുക പതിവാണ്.
പ്രവര്‍ത്തിക്കാത്ത പല ലിഫ്റ്റിനു മുമ്പിലും സര്‍ക്കാര്‍ ജീവനക്കാരുടെ പല തരത്തിലുള്ള ബോര്‍ഡുകള്‍ വച്ചിരിക്കുകയാണ്. താലൂക്ക്, റീസര്‍വെ,സബ് രജിസ്ട്രാര്‍, മോട്ടോര്‍ വാഹന വകുപ്പ്, ഇലക്ഷന്‍ ഓഫീസ്, ഹോമിയോ ജില്ലാ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകള്‍ ടവറിന്റെ ഒന്നാം നില മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് പോകാന്‍ വരുന്ന പ്രായമായവര്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതു കാരണം ഏറെ പ്രയാസപ്പെടുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് ഒരു തരത്തിലും മുകള്‍ നിലയിലേക്ക് പോകാന്‍ സാധിക്കില്ല. അധികൃതരോട് എപ്പോള്‍ ചോദിച്ചാലും അറ്റകുറ്റപണികള്‍ നടക്കുകയാണ് എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് ടവറില്‍ എത്തുന്നവര്‍ പറയുന്നു. ഇടക്കാലത്ത് പഴയ ഒരു ലിഫ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ഹൗസിംങ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല.
റവന്യു ടവര്‍ എന്ന ബഹു നിലമന്ദിരത്തില്‍ 35 സര്‍ക്കാര്‍ ഓഫീസുകളും 130 സ്വകാര്യ സ്ഥാപനങ്ങളുമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പക്ഷെ സുരക്ഷയുടെ കാര്യത്തില്‍ മാത്രം ഈ ടവര്‍ ഇന്നും ഏറെ പിറകിലാണ്. ഒരു തീ പിടത്തമോ മറ്റോ ഉണ്ടായാല്‍ ഇതിനെ അതിജീവിക്കാന്‍ പറ്റിയ സംവിധാനം ഒന്നും തന്നെ ഇപ്പോള്‍ ടവറില്‍ ഇല്ല. കെട്ടിടം പണിഞ്ഞ സമയത്ത് സ്ഥാപിച്ച അഗ്‌നിശമന ഉപകരങ്ങള്‍ ഒന്നും പ്രവൃത്തിക്കാത്ത അവസ്ഥയിലാണ്. ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്ത് നശിച്ചു. കെട്ടിടത്തില്‍ അഗ്‌നിമൂലമുണ്ടാകുന്ന അപകടങ്ങള്‍ നടന്നാല്‍ പ്രവത്തിക്കേണ്ട ആപത്സൂചകങ്ങളോ പുകയോ തീയോ ഉണ്ടായാല്‍ പ്രവര്‍ത്തിക്കേണ്ട സ്വയം പ്രവര്‍ത്തക അലാറങ്ങളും ഇവിടെ പ്രവൃത്തിക്കുന്നില്ല. ഇത്തരം അലാറത്തിന്റെ മൈക്രോഫോണുകള്‍ മാത്രം കെട്ടിടത്തിന്റെ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ ഇതൊക്കെ കാലപ്പഴക്കത്താല്‍ നശിച്ചു. അഗ്‌നിശമനാ സേനയുടെ എന്‍.ഒ.സി ഇല്ലാതെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടവര്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ എടുത്തതാണ് എന്‍.ഒ.സിയെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വര്‍ഷാ വര്‍ഷം പുതുക്കേണ്ട ഫയര്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ പുതുക്കിയിട്ടില്ല
Your comment?