മൊട്ടയെ കൊന്നവരെ അറസ്റ്റ് ചെയ്യൂ: വാഹനങ്ങള്‍ക്ക് മുകളില്‍ കയറി സഹോദരന്റെ ആത്മഹത്യാ ഭീഷണി
പന്തളം: നിരവധി മോഷണക്കേസുകളിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിയായിരുന്ന മൊട്ട വര്‍ഗീസിനെ കൊന്നവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാരകായുധങ്ങളുമായി വാഹനങ്ങള്‍ക്ക് മുകളില്‍ കയറി സഹോദരന്റെ ആത്മഹത്യാഭീഷണി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഭീഷണി മുഴക്കുന്നതിനിടെ കാലു തെന്നി സിമെന്റ് മിക്സര്‍ മെഷിന് മുകളില്‍ നിന്ന് വീണ ഇയാളെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രിയിലാക്കി.
മൊട്ട വര്‍ഗിസ് എന്നു വിളിക്കുന്ന വര്‍ഗീസ് ഫിലിപ്പിന്റെ അനുജന്‍ മുളമ്പുഴ വലിയ തറയില്‍ ജൂഡി ഫിലിപ്പ് വര്‍ഗീസ് (32) ആണ് ഒരു മണിക്കുറോളം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ കുന്നുക്കുഴി മദ്യവില്പനശാലയ്ക്ക് സമീപത്തായിരുന്നു പ്രകടനം.
മേയ് ഏഴിന് മൊട്ട വര്‍ഗീസിനെ കുന്നുക്കുഴി വെണ്‍കുളത്ത് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മദ്യപിച്ച് ലക്കുകെട്ട് വെള്ളത്തില്‍ മൂക്കുംകുത്തി വീണ് മുങ്ങി മരിച്ചതാണെന്നാണ്. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ മാത്രമേ യഥാര്‍ഥ മരണ കാരണം കണ്ടെത്താന്‍ കഴിയൂ. മരിക്കുന്നതിന് തലേന്ന് വര്‍ഗീസും മറ്റു ചിലരുമായി സംഘട്ടനം നടന്നിരുന്നു.
മൊട്ടയെ കൊന്നതാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ജൂഡിയുടെ ആവശ്യം. നേരേത്തേ ഇയാളെ മര്‍ദ്ദിച്ചതിന് പോലിസ് കേസ് എടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാള്‍ വൈകുന്നേരം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആദ്യം ടിപ്പര്‍ ലോറിയുടെ മുകളില്‍ ചാടിക്കയറി ഭീഷണി മുഴക്കി. തുടര്‍ന്ന് റോഡ് പണിക്ക് സിമെന്റ് മിക്സ് ചെയ്യാന്‍ കൊണ്ടുവന്ന മിക്സര്‍ മെഷിനില്‍ കയറി ആയുധവുമായി വെല്ലുവിളിച്ചു. വസ്ത്രങ്ങള്‍ ഊരി എറിയുകയും ചെയ്തു.
അടൂരില്‍ നിന്നും ഫയര്‍ഫോഴ്സും പന്തളം പോലീസും സ്ഥലത്തെത്തിയെങ്കിലും മിക്സര്‍ മെഷിന്റെ ചില്ലുകള്‍ പൊട്ടിച്ച് വെല്ലുവിളിച്ചു. ക്രമേണ ഇയാള്‍ വാഹനത്തില്‍ നിന്നും തെന്നിവീഴുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ആള്‍ ആണന്നും ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ മനോരോഗ വിഭാഗത്തില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചതായും പോലിസ് പറഞ്ഞു.
Your comment?