ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം പാളി
സതാംപ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം പാളി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 36 റണ്‍സെടുക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് കൂടി നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോലി (44), ഋഷഭ് പന്ത് (നാല്), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (49) എന്നിവരാണ് പുറത്തായത്. കോലിയെയും പന്തിനെയും കൈല്‍ ജയ്മിസനും രഹാനെയെ വാഗ്‌നറും പുറത്താക്കി. 79 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (10), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ ക്രീസില്‍.
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കുന്ന കൈല്‍ ജയ്മിസനാണ് കോലിയെ പുറത്താക്കിയത്. 132 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 44 റണ്‍സെടുത്ത കോലിയെ ജയ്മിസന്‍ എല്‍ബിയില്‍ കുരുക്കി. രണ്ടാം ദിനത്തിലെ ഇന്ത്യന്‍ സ്‌കോറിനോട് മൂന്നു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കോലി പുറത്തായത്.
തൊട്ടുപിന്നാലെ ബാറ്റിങ്ങിനെത്തിയ ഋഷഭ് പന്തിനെയും ജയ്മിസന്‍ എല്‍ബിയില്‍ കുരുക്കിയെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഡിആര്‍എസ് എടുത്തെങ്കിലും ഫലുമുണ്ടായില്ല. അംപയേഴ്‌സ് കോളിന്റെ ആനുകൂല്യം പന്തിന്. എന്നാല്‍ അവസരം മുതലെടുക്കാന്‍ പന്തിനുമായില്ല. ‘സ്വതസിദ്ധമായ ശൈലി’യില്‍ ജയ്മിസന്റെ പന്തില്‍ ബാറ്റുവച്ച ഋഷഭിനെ സ്ലിപ്പില്‍ ടോം ലാഥം ക്യാച്ചെടുത്തു പുറത്താക്കി. 22 പന്തില്‍ ഒരേയൊരു ബൗണ്ടറി സഹിതം നാലു റണ്‍സുമായി പന്ത് പുറത്ത്.
ന്യൂസീലന്‍ഡ് ഒരുക്കിയ ഷോര്‍ട്ട് ബോള്‍ കെണിയില്‍ അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ രഹാനെയും വീണു. നീല്‍ വാഗ്‌നറിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സ്‌ക്വയര്‍ ലെഗില്‍ ടോം ലാഥത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ രഹാനെ 117 പന്തില്‍ അഞ്ച് ഫോറുകളോടെ 49 റണ്‍സെടുത്തു.
Your comment?