മോണ്‍ട്രല്‍: മൈനസ് 30 ഡിഗ്രി തണുപ്പുള്ള കാനഡയിലെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു യാത്രക്കാര്‍ക്ക് ഈ ദുരിതം നേരിട്ടത്.ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ നിന്ന് ഹോങ്കോങിലേക്ക് പോവുകയായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഈ വിമാനം. യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് കാനഡയിലെ കിഴക്കന്‍ പ്രദേശത്തെ ലാബ്രഡോര്‍ പ്രവിശ്യയിലെ ന്യൂഫൗണ്ട്ലാന്‍ഡ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
ഈ യാത്രക്കാരനെ വിമാനത്താവള ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയശേഷം യാത്ര തുടരാന്‍ തുടങ്ങവെ വിമാനത്തിന്റെ വാതിലുകള്‍ കൊടും തണുപ്പില്‍ അടയ്ക്കാനാവാതെ ഉറയുകയായിരുന്നു. വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാതെ ജീവനക്കാര്‍ 16 മണിക്കൂര്‍ വിമാനത്തില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
വിമാനയാത്രക്കാര്‍ നല്‍കിയ പുതപ്പിന് തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. തണുത്ത് വിറച്ച് യാത്രക്കാരില്‍ പലരും അവശരായി. പത്ത് മണിക്കൂര്‍ പിന്നിട്ടതോടെ ഭക്ഷണവും കുറഞ്ഞു. എന്നാല്‍ അധികൃതര്‍ ഫുഡ്ചെയ്ന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഭക്ഷണം എത്തിച്ചു. ഞായറാഴ്ച രാവിലെ ഇവരെ മറ്റൊരു വിമാനത്തില്‍ തിരിച്ച് ന്യൂജെഴ്സിയില്‍ തന്നെ എത്തിക്കുകയായിരുന്നു.
Your comment?