തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യില്‍ ഇനി മുതല്‍ പുതിയ ഭാരവാഹികള്‍ ചുമതലയേക്കും. സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിം, പ്രസിഡന്റ് എസ്.സതീഷ്, എസ്.കെ.സജീഷ് ട്രഷറര്‍.
നിലവിലുള്ള നേതൃത്വം തയാറാക്കിയ പട്ടിക സിപിഎം സംസ്ഥാന നേതൃത്വം പൂര്‍ണമായും തള്ളി. പകരം പാര്‍ട്ടി നിര്‍ദ്ദേശിച്ച പട്ടികയിലുള്ളവരെയാണു ഭാരവാഹികളായി തിരഞ്ഞെടുത്തത്. പ്രായപരിധിയുടെ പേരില്‍ ആദ്യപട്ടികയില്‍ നിന്ന് ഒഴിവാക്കിയ എസ്.സതീഷ്, എ.എ.റഹീം എന്നിവരെ ഭാരവാഹികളാക്കാന്‍ സിപിഎം നിര്‍ദേശിക്കുകയായിരുന്നു.
സ്ഥാനമൊഴിയുന്ന ഭാരവാഹികള്‍ പുതിയ സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിക്കുന്നതാണു രീതി. ആലപ്പുഴ ജില്ലാ മുന്‍ സെക്രട്ടറി മനു സി.പുളിക്കന്‍, വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണു ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം തയാറാക്കിയത്. എന്നാല്‍ ഈ പട്ടികയ്ക്കെതിരെ സംഘടനയിലെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയതോടെയാണു സിപിഎം ഇടപെട്ട് പട്ടിക റദ്ദാക്കിയത്.
ഭാരവാഹികളെ നിശ്ചയിക്കാനുള്ള ഫ്രാക്ഷന്‍ യോഗത്തില്‍ ഏകപക്ഷീയമായാണു പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയെന്നുമായിരുന്നു പരാതി. ഭാരവാഹിപ്പട്ടിക തയറാക്കാന്‍ ചേര്‍ന്ന ഫ്രാക്ഷന്‍ യോഗത്തില്‍ പല പേരുകളും ഉയര്‍ന്നെങ്കിലും ഒരു സംസ്ഥാന ഭാരവാഹിക്കു താല്‍പര്യമുള്ള ആളുകളെ മാത്രം പാനലില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പരാതിയുയര്‍ന്നു. സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവരായിരുന്നു പാനലില്‍ ഭൂരിഭാഗവും. ഏറെക്കാലമായി സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ചിലരെ പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ പുതിയ പട്ടിക തയ്യാറാക്കാന്‍ സിപിഎം നിര്‍ദേശിക്കുകയായിരുന്നു. എസ്.സതീഷ്, എ.എ.റഹീം. എസ്.കെ.സജീഷ് എന്നിവരുടെ പേരും സിപിഎം തന്നെ നിര്‍ദേശിച്ചു. ഇവരില്‍ 2 പേര്‍ നിശ്ചിത പ്രായപരിധി പിന്നിട്ടവരാണെന്നു നിലവിലുള്ള നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ ഭാരവാഹികള്‍ക്കു പ്രായപരിധി കര്‍ശനമാക്കേണ്ടന്നു സിപിഎം നിലപാടെടുത്തു. ഇതോടെയാണു സംസ്ഥാന പ്രസിഡന്റായി എസ്.സതീഷ്, സെക്രട്ടറിയായി എ.എ.റഹീം. ട്രഷററായി എസ്.കെ.സജീഷ് എന്നിവരെ തിരഞ്ഞെടുക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഫ്രാക്ഷന്‍ യോഗം തീരുമാനമെടുത്തത്.
Your comment?