അടൂര്‍: ജമ്മു കശ്മീരില്‍ നിന്ന് അവധിക്ക് നാട്ടിലേക്കു മടങ്ങവെ ട്രെയിനില്‍ നിന്നു കാണാതായ സൈനികന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മധ്യപ്രദേശിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) വി. അനീഷ്‌കുമാറിന്റെ മൃതദേഹമാണ് മധ്യപ്രദേശിലെ ബെതുള്‍ ജില്ലയില്‍ അമല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
മൃതദേഹം അമല ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ഏറ്റുവാങ്ങുന്നതിനായി അനീഷിന്റെ ഡല്‍ഹയിലുള്ള ബന്ധുക്കള്‍ മധ്യപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനായി അനീഷ് ജോലി ചെയ്തിരുന്ന സൈനിക യൂണിറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇന്നു മധ്യപ്രദേശിലേക്കു തിരിക്കുമെന്നാണ് സൂചന. അനീഷിന്റെ മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നു വിവരങ്ങള്‍ മധ്യപ്രദേശ് പൊലീസ് ശേഖരിച്ചതിനൊപ്പം വീട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മൂന്നിന് ജമ്മു കശ്മീരിലെ യൂണിറ്റില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച അനീഷ് 4ന് രാവിലെ 11ന് ഡല്‍ഹയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. വൈകിട്ട് 7.43ന് ആണ് വീട്ടുകാരുമായി അവസാനം ഫോണില്‍ ബന്ധപ്പെട്ടത്. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി വീട്ടിലേക്ക് വിളിച്ചറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ റെയില്‍വേ അധികൃതരുമായി ഇടപെട്ട് അനീഷിന്റെ ലഗേജുകള്‍ വീട്ടിലെത്തിച്ച് കാത്തിരിക്കുകയായിരുന്നു. പിന്നാലെ അനീഷിന്റെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തയാണ് എത്തിയത്.
Your comment?