അഗതി മന്ദിരത്തില്‍ കതിര്‍മണ്ഡപം ഒരുക്കി: ജീവിതങ്ങളെ സാക്ഷിയാക്കി സുരഭിയും രതീഷും ജീവിത യാത്ര തുടങ്ങി
അടൂര്‍ / കൊടുമണ്‍: കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമം ഒരു വ്യത്യസ്ഥമായ ചടങ്ങിന് വേദിയായി. മഹാത്മജനസേവന കേന്ദ്രത്തില്‍ സംഗീത അധ്യാപികയായി പ്രവര്‍ത്തിക്കുന്ന അടൂര്‍ പന്നിവിഴ വിളയില്‍ തെക്കേപ്പുര സോമന്‍ – സുനിത ദമ്പതികളുടെ മകള്‍ സുരഭി , ആലപ്പുഴ താമരക്കുളം പുളിവിളയില്‍ കിഴക്കേമുറി വീട്ടില്‍ രവി – സുശീല ദമ്പതികളുടെ മകന്‍ രതീഷ് എന്നിവരുടെ വിവാഹ ചടങ്ങാണ് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ അഭയകേന്ദ്രമായ കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തില്‍ വച്ച് നൂറ് കണക്കിന് അഗതികളേയും ബന്ധുമിത്രാദികളേയും സാക്ഷിയാക്കി നടന്നത്.
കലാമണ്ഡലത്തില്‍ നിന്നും സംഗീത ബിരുദം നേടിയ സുരഭി കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹാത്മയിലെ കുടുംബാംഗങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും , കുട്ടികള്‍ക്കും സംഗീതം പഠിപ്പിച്ചു വരുകയാണ്.തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ മഹാത്മയിലെ അംഗങ്ങള്‍ക്കൊപ്പമാവണം തന്റെ വിവാഹമെന്നും , അല്ലാതൊരു സ്ഥലത്തു നടത്തിയാല്‍ ഇവര്‍ക്ക് ആര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ലായെന്നതുകൊണ്ടുമാണ് മഹാത്മയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചത്.
തന്റെ ആഗ്രഹം വരനും വീട്ടുകാരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷകരവും അഭിമാനവുമാണെന്ന് അറിഞ്ഞതോടെ ആഗ്രഹം മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
സുരഭിയുടെ തീരുമാനം അറിഞ്ഞ സഹപ്രവര്‍ത്തകര്‍ കല്യാണ സദ്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ വിവാഹ ചടങ്ങ് സ്‌നേഹത്തിന്റെയും ഒരുമയുടേയും ഒരു ആഘോഷമായി മാറി.
Your comment?