വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളഞ്ഞ വാഹനം കണ്ടെത്തി അടൂര്‍ പോലീസ്
അടൂര്‍: വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളഞ്ഞ വാഹനം കണ്ടെത്തി അടൂര്‍ പോലീസ്. ഇതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വച്ചു. ലോട്ടറി വില്‍പ്പനക്കാരനായ പെരിങ്ങനാട് തെങ്ങും താര തണ്ണിക്കോട് പടിഞ്ഞാറ്റകര പുത്തന്‍വീട്ടില്‍ അനിയന്‍കുഞ്ഞിനെയാണ് ഒക്ടോബര്‍ 28-ന് വൈകിട്ട് 6.30-ന് പഴകുളം തെങ്ങും താരയില്‍ വച്ച് ഒരു കാര്‍ ഇടിക്കുന്നത്.റോഡരികില്‍ നില്‍ക്കുകയായിരുന്നു അനിയന്‍ കുഞ്ഞ്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അനിയന്‍ കുഞ്ഞിന് ഓര്‍മ്മ നഷ്ടമായി. അപകടം കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും കാര്‍ സ്ഥലം വിട്ടു. ഗുരുതര പരിക്കേറ്റ അനിയന്‍ കുഞ്ഞിനെ ആദ്യം അടൂര്‍
ഗവ.ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യ ഘട്ട അന്വേഷണത്തില്‍ അപകടം നടന്ന സ്ഥലത്തു നിന്നും വാഹനത്തിന്റെ ഇടതുഭാഗത്തെ കണ്ണാടിയുടെ ഒരു ഭാഗം കണ്ടെത്തി.ഇത് കാര്‍ ഷോറൂമില്‍ കാണിച്ചപ്പോള്‍ ഇടിച്ചത് മാരുതി വാഗണര്‍ ആണെന്ന് പോലീസിന് മനസ്സിലായി. സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മഴ കാരണം വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താന്‍ സാധിച്ചില്ല.ഇതോടെ പോലീസ് അന്വേഷണം മറ്റുവഴിക്കാക്കി.
പിന്നീട് അടൂര്‍, കായംകുളം,കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനംതിട്ട,തിരുവല്ല,പത്തനാപുരം, കൊല്ലം ആര്‍.ടി.ഒ ഓഫീസുകളില്‍ 2020-ല്‍ രജിസ്റ്റര്‍ ചെയ്ത വെള്ള വാഗണര്‍ കാറിന്റെ വിവരം ശേഖരിച്ചു.കൂടാതെ മാരുതി സര്‍വീസ് സെന്ററുകളില്‍ സംഭവം ദിവസത്തിന് ശേഷം ഇടതുവശത്തെ കണ്ണാടി മാറ്റാന്‍ വന്ന കാറുകളുടെ വിവരങ്ങളും ശേഖരിച്ചു.
ഒടുവില്‍ തെങ്ങമത്തുള്ള ഒരു വെള്ള വാഗണര്‍ കാര്‍ പരിശോധിച്ചതില്‍ അതിന്റെ ഇടതു വശത്തെ കണ്ണാടി പൊട്ടിയതായി കണ്ടെത്തി.തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുത്തു. സയന്റിഫിക് വിദഗ്ദ്ധര്‍ പരിശോധിച്ച് ഇടിച്ച വണ്ടി ഇതു തന്നെയെന്ന് കണ്ടെത്തി. ഭാര്യയും മകളുമടങ്ങുന്നതായിരുന്നു അനിയന്‍കുഞ്ഞിന്റെ കുടുംബം. വീടിന്റെ ഏക ആശ്രയമായ അനിയന്‍കുഞ്ഞ് കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ഇപ്പോള്‍ ഭാര്യ തൊഴിലുറപ്പ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. മരുന്നിനും നിത്യവൃത്തിക്കും കഷ്ടപ്പെടുകയായിരുന്നു കുടുംബം. വാഹനം കണ്ടെത്തിയതോടെ ക്ലെയിം എങ്കിലും കിട്ടുമെന്ന ആശ്വാസത്തിലാണ് അനിയന്‍കുഞ്ഞ്.. അടൂര്‍ ഡിവൈഎസ്.പി ബിനുവിന്റെയും അടൂര്‍ സി.ഐ പ്രജീഷിന്റെയും മേല്‍നോട്ടത്തില്‍ എസ്.ഐ സായി സേനന്‍,വനിതാ പോലീസ് ജലജ, ജനമൈത്രി ബീറ്റ് പോലീസ് അനുരാഗ് എന്നിവരാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്.
Your comment?