5:32 pm - Wednesday November 24, 0743

കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

Editor

തിരുവനന്തപുരം: കേന്ദ്രനയങ്ങള്‍ തുടര്‍ന്നാല്‍ 2023-ല്‍ കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാവുമെന്നതിനെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ച നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം മീറ്റ് ദ പ്രസില്‍ പറഞ്ഞു.

ജി.എസ്.ടി. നഷ്ടപരിഹാരമായി വര്‍ഷം ഏകദേശം 13,000 കോടിരൂപയാണ് കേന്ദ്രം നല്‍കുന്നത്. അടുത്ത വര്‍ഷം ജൂലായിയോടെ ഇതു നിലയ്ക്കും. ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം ലഭിക്കുന്ന റവന്യൂക്കമ്മി നികത്താനുള്ള സഹായധനം ഇപ്പോള്‍ ലഭിക്കുന്ന 19,000 കോടിയില്‍നിന്ന് 4000 കോടി രൂപയായി കുറയും. 15,000 കോടിയുടെ കുറവ്. കേന്ദ്രസര്‍ക്കാരിന്റെ നികുതി വിഹിതത്തില്‍നിന്ന് 2019-20ല്‍ കിട്ടിയത് 17,084 കോടിരൂപയാണ്. 15-ാം ധനകാര്യകമ്മിഷന്റെ നിര്‍ദേശപ്രകാരം ഇത് 12,812 കോടിരൂപയാവും. മാനദണ്ഡങ്ങള്‍ പുതുക്കിയാണ് കേരളത്തിന് സഹായം കുറച്ചത്. ഈ മൂന്നിനങ്ങളിലെ കുറവ് കണക്കാക്കുമ്പോഴാണ് 32,000 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നത്.

ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടണം

ജി.എസ്.ടി. നഷ്ടപരിഹാരം ഇനിയും അഞ്ചുവര്‍ഷംകൂടി നീട്ടണം. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം. കഴിഞ്ഞവര്‍ഷത്തെപ്പോലെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചുശതമാനം കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. നാലുശതമാനമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ അര ശതമാനം ലഭിക്കണമെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ ബാധ്യതകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം. കേന്ദ്രനയങ്ങള്‍ക്കെതിരേ സംസ്ഥാനങ്ങളുടെ ഒത്തൊരുമിച്ച മുന്നേറ്റം വരേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

കിഫ്ബിക്കുള്ളത് കിഫ്ബിക്ക്

മോട്ടോര്‍വാഹന നികുതിയും ഇന്ധനസെസും കുറഞ്ഞെങ്കിലും കിഫ്ബിക്ക് വാഗ്ദാനംചെയ്ത തുക സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷം 2400 കോടിരൂപയാണ് കിഫ്ബിക്ക് നല്‍കേണ്ടത്. കിഫ്ബി വഴി 21,716 കോടിരൂപയുടെ പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നഷ്ടക്കണക്ക് ഇങ്ങനെ

ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചാല്‍ 13,000 കോടി
റവന്യൂക്കമ്മി ഗ്രാന്റില്‍ വരുന്ന കുറവ് 15,000 കോടി
കേന്ദ്രനികുതി വിഹിതത്തിലെ കുറവ് 4000 കോടി
ആകെ 32,000 കോടി.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജനറല്‍ കോച്ചില്ലാത്ത റിസര്‍വേഷന്‍ തീവണ്ടികളില്‍ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാര്‍ പുറത്ത്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ